മാന്നാർ മത്തായി, ഗർവാസീസ് ആശാൻ, സന്ധ്യാവ്… ജീവിച്ചിരുന്ന കഥാപാത്രങ്ങൾ

മലപ്പുറം: കഥാപാത്രങ്ങളെ തേടിപ്പിടിച്ച് സിനിമയിൽ ഉപയോഗിച്ചിരുന്നവരിൽപ്പെട്ടയാളാണ് താനെന്ന് സംവിധായകൻ സിദ്ദീഖ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ആദ്യകാലത്തെ ‘റാംജിറാവ് സ്പീക്കിങ്’ മുതൽ ഈയൊരു ശീലം അദ്ദേഹം തുടർന്നുപോന്നു. കഥാപാത്രങ്ങളെ കണ്ടെത്തുമ്പോൾ അവരുടെ പേരുപോലും സിദ്ദീഖ് ഒരുപാട് സിനിമകളിൽ ഉപയോഗിച്ചു. മാന്നാർ മത്തായി, ഗർവാസീസ് ആശാൻ, സന്ധ്യാവ് തുടങ്ങിയ പേരുകളൊക്കെ യഥാർഥ ജീവിതത്തിൽനിന്ന് കണ്ടെത്തിയതാണ്. ഗര്‍വാസീസ് ആശാന്‍ എന്ന കഥാപാത്രം പിറന്നുവീണത് കുട്ടിക്കാലം മുതല്‍ അദ്ദേഹത്തിന്‍റെ മനസ്സിലുണ്ടായിരുന്ന ഒരു പേരില്‍നിന്നാണ്. ബാല്യകാലത്ത് കൊച്ചി വരാപ്പുഴയിൽ ബൈബിൾ ചവിട്ടുനാടകം കാണാൻ പോകാറുണ്ടായിരുന്നു. നാടകത്തിനിടെ ഇടവേളയിൽ ഗംഭീരശബ്ദത്തോടെ കഥാപാത്രങ്ങളുടെ പേര് അനൗൺസ് ചെയ്യുന്ന ഒരാളുണ്ടായിരുന്നു. ‘‘കഥാപാത്രങ്ങളും അഭിനയിച്ചവരും; രാജാവ് -ഗർവാസീസ് ആശാൻ’’ -അന്നുമുതൽ കയറിക്കൂടിയതാണ് സിദ്ദീഖിന്‍റെ മനസ്സിൽ ആ പേര്.

ഉര്‍വശി തിയറ്റേഴ്സിന്റെ നാടകത്തിലെ നടിക്കായി പഴയ നാടകക്കാരനെത്തേടി പോവുകയാണ് പൊന്നപ്പനും ഗോപാലകൃഷ്ണനും. ആ സീനിലെ പഴയ നാടകക്കാരന് നല്ലൊരു പേര് വേണം. ഈ സീൻ എഴുതാനിരിക്കുമ്പോൾ സിദ്ദീഖിന്‍റെ മനസ്സിൽ ഗർവാസീസ് ആശാൻ എന്നല്ലാതെ മറ്റൊരു പേരില്ലായിരുന്നു.
‘മാന്നാർ മത്തായി സ്പീക്കിങ്ങി’ന്റെ രചന നിർവഹിച്ചപ്പോൾ മനസ്സിൽ വന്ന ‘സന്ധ്യാവ്’ എന്ന പേരിനുമുണ്ട് ചരിത്രം. കലൂർ ഗവ. ഹൈസ്കൂളിൽ സിദ്ദീഖിന്‍റെ കൂടെ രണ്ടാം ക്ലാസ് മുതൽ ഏഴുവരെ പഠിച്ച കൂട്ടുകാരന്‍റെ പേരാണ് സിനിമക്കായി ഉപയോഗിച്ചത്. നന്നായി പാട്ടുപാടുന്ന വെളുത്ത ആ കൂട്ടുകാരന്‍റെ പേര് സന്ധ്യാവ് എന്നായിരുന്നു. സ്കൂളുകളിൽ സിദ്ദീഖും കൂട്ടുകാരും മിമിക്രിയും മറ്റും അവതരിപ്പിക്കുമ്പോൾ സന്ധ്യാവ് മികച്ച ഗാനങ്ങൾകൊണ്ട് താരമായിരുന്നു. സിനിമയിൽ ഹരിശ്രീ അശോകൻ ആ കഥാപാത്രത്തെ ചെയ്ത് ഫലിപ്പിച്ചപ്പോൾ തിയറ്ററുകളിൽ ചിരി പൊട്ടി. മാന്നാർ മത്തായി എന്ന പേരും പലപ്പോഴായി മനസ്സിൽ കുടിയിരുന്ന ഒന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ കഥാപാത്രങ്ങൾ പലതും ഇന്നും ട്രോളായും ഇമോജികളായും സമൂഹ മാധ്യമങ്ങളിൽ സൂപ്പർസ്റ്റാറുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *