പുല്‍പ്പള്ളി: കടുത്ത അച്ചടക്കലംഘനം നടത്തിയ കോളേജ് അധ്യാപകനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അധ്യാപകന്‍ ജോബിഷ് ജോസഫ് കെ. യെയാണ് മാനേജര്‍ ജോലിയില്‍ നിന്നുംപിരിച്ചുവിട്ടത്. സമൂഹത്തിനു മാതൃകയാവുകയും വിദ്യാര്‍ത്ഥികള്‍ക്ക് മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കുകയും ചെയ്യേണ്ടതിനു പകരം കോളേജിലെ വനിതാജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരെയും മാനേജ്‌മെന്റിനെയും ഉത്തരമേഖലാ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറെയടക്കം അധിക്ഷേപിക്കുകയും അവരുടെ ജീവനും സ്വത്തിനും ഭീഷണിയായി പ്രവര്‍ത്തിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് മാനേജര്‍ ജോബിഷ് ജോസഫിനെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം അന്വേഷണം നടത്തിയതിനു ശേഷമാണ് മാനേജര്‍ പിരിച്ചുവിടല്‍ തീരുമാനത്തിലെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിലേറെയായി ജോബിഷ് ജോസഫ് അന്വേഷണ വിധേയമായി സസ്‌പെന്‍ഷനില്‍ ആയിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും 26 പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ജോബിഷിനെ മാനേജര്‍ മുന്‍പ് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലയളവില്‍ കോളേജിന്റെ ഗേറ്റ് പൂട്ടി മാര്‍ഗതടസ്സം സൃഷ്ടിക്കല്‍, കോളേജിലെ ബിരുദദാന ചടങ്ങ് തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ പരാതികളും ഇദ്ദേഹത്തിനെതിരേ ഉയര്‍ന്നിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും നിരന്തരം അവഹേളനം തുടര്‍ന്ന ഇദ്ദേഹത്തിനെതിരേ പരാതികള്‍ ഗുരുതര പരാതികള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് പിരിച്ചുവിടല്‍ തീരുമാനത്തിലെത്തിയതെന്ന് മാനേജര്‍ അറിയിച്ചു. ഇയാൾ ഒരു പൊതുശല്യമാണെന്നും മാതാപിതാക്കളെ ഉപദ്രവിക്കുന്ന തരത്തിലടക്കമുള്ള മാനസിക പ്രശ്നം ഉണ്ടെന്നും പരക്കെ ആക്ഷേപം നില നിൽക്കുന്നുണ്ട്.
